ശ്രാദ്ധം by Unni
- muralidharan.vp
- Jul 14, 2021
- 4 min read
ചിരുതേയ്- അന്ത്രാളത്തിലെ മേശപുറത്ത് റേഷൻ കാർഡും സഞ്ചിയും വച്ചിട്ടുണ്ട്. നസീർ വന്നാൽ ഒന്ന് റേഷൻ പീടിയേല്‌പോയി വരാൻ പറയണേ ...ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ... ഉണ്ടെങ്കില് പച്ചരിയും പുഴുങ്ങലും പകുതി പകുതി വാങ്ങാൻ പറയണേ... പഞ്ചസാരയും എണ്ണയും വാങ്ങാനും പറ . കന്നാസ് കോഴിക്കൂട്ടിന്റെ മേലെ വച്ചിട്ടുണ്ട്.
മറ്റന്നാൾ ശ്രാദ്ധമല്ലേ... ഇപ്രാവശ്യം ഞായറാഴ്ച വന്നത് നന്നായി. ആർക്കും
ലീവിന്റെ പ്രശ്നമുണ്ടാകില്ലാലോ.
ആനന്ദവും കുറുപ്പും 4 മണിന്റെ പ്രശോഭിന് (ബസ്സ്) വരും : കണ്ണനോട് ഒന്ന് സ്റ്റോപ്പില് പോയി ബേഗ് ഇങ്ങ് വാങ്ങാൻ പറ . സീതയേയും കുട്ടികളോടും ഇന്ന് തന്നെ വരാൻ ഗംഗാധരനോട് പറഞ്ഞിട്ടുണ്ട്. രാധാഷ്ണനും ദേവികയും കുട്ടുളും ഇന്ന് കോവൂര് വന്ന് നിന്നിട്ട് നാളരാവിലെ ഇങ്ങ് വരും. സീതയും ആനന്ദവും എത്തിയാൽ തന്നെ അടുക്കളയിൽ ഒരാളായി ...
ചിരുതെ: നിങ്ങളിങ്ങന ബർത്താനം പറഞ്ഞ് ന്ക്കാണ്ട് പോയിറ്റ് ബേഗം കുളിച്ച് ബരീന്ന്. അക്കൂട്ടറ് ഇപ്പം ഇങ്ങത്തും ...
ക്ലോക്കിൽ 4 മണി മുഴങ്ങി. പ്രശോബ് വലിഞ്ഞ് പിടിച്ച് ഒന്ന് കയറി.
ഞാൻ പോയേനേ... പക്ഷേ കൈ തണ്ടയ്ക്ക് ഒരു വേദന: ബേഗ് തൂക്കാൻ പറ്റില്ല... സ്വതസിദ്ധമായി കൈതടവി, കയ്യിലെ രോ രോമത്തിലോട്ട് ഒന്ന് ഊതി പപ്പു എളേപ്പന ഇറയത്തേക്ക് ഇറങ്ങിവന്നു.
ചാരുകസേരയിൽ ആനന്ദവും കുറുപ്പും വരുന്നതും നോക്കി അനന്തൻ വല്യച്ചൻ ഇരിക്കുന്നുണ്ടായിരുന്നു.
ഒരു രണ്ട് ദിവസത്തേക്ക് ഒച്ചയും അനക്കവുമായി അല്ലേ കുഞ്ഞീരു വേ?
കാല് പിണച്ച് വച്ച് തുമ്മാനും ഇടിച്ച് വായിലിട്ട് പല്ലില്ലാതെ ചവച്ച് കൊണ്ടിരുന്ന കുഞ്ഞീരു വല്യച്ഛന്റെ മുഖം ഒന്ന് വല്ലാതെ വിടർന്നു.
ബേഗും തൂക്കി മുന്നിൽ കണ്ണനും പിറകിൽ ആനന്ദവും വളയൻ കാലൻ കുടനിലത്തൂനി കുറുപ്പും ഗേറ്റ് കടന്ന് വരുമ്പോൾ ചാരുകസേരയിൽ നിന്ന് അനന്തൻ വല്ലച്ചൻ നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് നിവർന്നിരുന്നു.
ചിരുതേയ്: നിങ്ങള കുളി കയിഞ്ഞാ ...
ആനന്ദോം , ഓറും ബെര്ന്ന്ണ്ട്....
കരിമ്പൻ കുത്താത്ത മുണ്ടും കുപ്പായോം ഇടണേ... ആനന്ദം പറയും...
വല്യമ്മ: ഓ... ആയിക്കോട്ടെ ചിരുതേയ് .....നീ ആ ചായക്ക് അടുപ്പത്ത് വെള്ളം വയ്ക്ക്. ആനന്ദം കൂട്ടിക്കോളും ചായ....
അപ്പഴേക്കും മുഖം നിറയേ ചിരിയുമായി ആനന്ദവും കുറുപ്പും ഇറയത്തേക്ക് കയറി. അനന്തൻ വല്യച്ഛനും ഗോവിന്ദളേച്ചനും പരസ്പരം ഹസ്തദാനം ചെയ്തു. കുശലാന്വേഷണങ്ങൾ തുടങ്ങി...
കുഞ്ഞീരൂ സുഖമല്ലേ.... ബീഡി വലി കുറക്കുന്നുണ്ടോ ? ഇളയച്ചൻ ചോദിച്ചു...
അപ്പഴേക്കും കുളികളിഞ്ഞെത്തിയ വല്യമ്മയും ഇളയമ്മയും കെട്ടിപ്പിടിച്ച് പരസ്പരം ഉമ്മ വച്ചു... നല്ല മുണ്ടും വേഷ്ടിയും ഉടുത്ത് എന്റെ ഏച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ? ഇളയമ്മ വല്യമ്മയുടെ താടിയിൽ പിടിച്ച് ഒന്നു കുലുക്കി .
മുണ്ടിന്റെ കോന്തല , അഴിഞ്ഞ് തൂങ്ങിക്കിടക്കുന്ന ബ്ലൗസിന്റെ ഇടയിലേക്ക് കുത്തിവച്ച് മുറുക്കി ചവച്ചത് ചുണ്ടിലോ ട്ടൊഴുകിയത് ഇടത് കൈ കൊണ്ട് തുടച്ച് കളങ്കമില്ലാത്ത ഒരു ചിരിയുമായി ചിരുതേയ് അമ്മ അവിടേക്ക് കടന്ന് വന്ന് ആനന്ദത്തിന്റെ കൈപിടിച്ച് ആശുഷ്കിച്ച നെഞ്ചിലോട്ട് ചേർത്തു... വെള്ളം തിളയ്ക്കുന്നുണ്ട്. നല്ല ഒരു ചായ മോള് തന്നെ ഉണ്ടാക്ക്...
ഓ...ഇനി രണ്ട് ദിവസത്തേക്ക് നല്ല ചായ കുടിക്കാലോ... എന്നും പറഞ്ഞ് പപ്പു എളേപ്പനും അടുക്കളയിലോട്ട് കയറി വന്നു...
വല്ല്യമ്മ :ആനന്ദം മക്കളുടെ ഒക്കെ എഴുത്തുണ്ടാകാറില്ലേ
ആനന്ദം: ഉണ്ട് വല്യേച്ചി ...
ബീനയും ഗീതയും ഒരു പക്ഷേ ഓണത്തിന് വരുമെന്ന് പറഞ്ഞിട്ടുണ്ട്.
ഉഷയും നമ്പ്യാരും ഒരാഴ്ച നിൽക്കാൻ വരന്നുന്ന് പറഞ്ഞു.
ഗോപാലകൃഷ്ണൻ അവന്റെ ജോലി തിരക്കുമായി പോകുന്നു. നന്ദ സിംഗപ്പൂരിൽ നിന്നും എപ്പഴാ ഇനിവരുന്നതെന്നറിയില്ല...ദിവാകരൻ ഡൽഹിയിൽ ഫ്ലാറ്റ് മാറുന്ന തിരക്കിലാ ...
സുധാകരൻ മക്കളുടെ പഠിപ്പും ജോലിയുമായി അങ്ങനെ പോകുന്നു.
ഉഷമടങ്ങുമ്പോൾ ഞങ്ങളും ഒരു 2 ആഴ്ചത്തേക്ക് ബേംഗ്ലൂർ പോയാലോന്ന് വിചാരിക്കുന്നുണ്ട്...
കുഞ്ഞി രു ഏട്ടാ ...എല്ലാവർക്കും ശ്രാളത്തിന്റെ എഴുതിയിട്ടില്ലേ...
പാവം അമ്മു ഏടത്തി എന്തോ സുഖമില്ലാണ്ടിരിക്കുന്നെന്ന് മിനിഞ്ഞാന് ആനു വന്നപ്പോൾ പറഞ്ഞു. :
പള്ളിക്കുന്നിൽ നിന്നും കുട്ടികൾ വരും
കാഞ്ഞിലേരിയിൽ നിന്ന് വല്യേട്ടനും ആരേലും മക്കളും ഉണ്ടാകും.
പാതിരിയാട് നിന്നും ഗോപിയും , ജയലക്ഷ്മി യും കുമാരിയും വരും...
സീതേടത്തിമ്മയോടും കൂട്ട്യളോടും ഇന്ന് വരാൻ ഗംഗാധരേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു... പപ്പേട്ടനോട് രമ ടത്തിയേയും കൂട്ടി വരണംന്ന് പറഞ്ഞിരുന്നു. രാധാ ഷ്ണൻ നാളയെ ഇവിടെ വരൂ... ഇങ്ങനെ ആ നന്ദളേമ്മയുടെ വർത്തമാനങ്ങൾ....
ആനന്ദം.... സീതയും കുട്ടികളും വരുന്നുണ്ട്ട്ടോ... പുറത്ത് നിന്നും ഗോവിന്ദളേച്ചൻ വിളിച്ച് പറഞ്ഞു...
വല്യമ്മ: ചായ കുറച്ച് കൂടിവയ്ക്കാം... സീതയ്ക്കും കുട്ടികൾക്കും കൂടി. :
വല്യമ്മ: ആനന്ദവും സീതയും കൂടി അടുക്കളയിൽ ഉണ്ടേൽ പിന്നെ പേടിക്കാനില്ല... ഇറയത്തേക്ക് കയറി വന്നപ്പോൾ വല്യച്ഛൻ സ്ക്കൂളിലെ വിശേഷങ്ങളൊക്കെ തിരക്കി....
ആനന്ദം:ഏടത്തിമ്മേ ഇപ്പോൾ തലവേദന വരാറുണ്ടോ ...
സീത:കുറച്ച് കുറവുണ്ട് ... വെയിൽ അധികം കൊണ്ടാലാണ് പ്രശ്നം.. കുശല വർത്തമാനങ്ങൾ നീളുന്നു...
വല്ല്യേച്ചി രാത്രി എന്താ ഭക്ഷണം ? ആനന്ദളേമ്മ ചോദിച്ചപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ ചിരുതേയ് അമ്മ നിറഞ്ഞ ചിരിയുമായി "കഞ്ഞിയും അസ്സല് ചെറ് പയര് പുയ്ക്കും ചമ്മന്തി അരച്ചും ബെച്ചിറ്റ്ണ്ട്. എന്നു പറഞ്ഞു:
പോരാത്തതിന് ബെലീയ ഒരു റൊട്ടിയും ഉണ്ട്... നേത്രപ്പഴോം...
ആനന്ദം: രാത്രിക്ക് ഇത് ധാരാളം ... ഗോവിന്ദേട്ടനും അനന്തേട്ടനും റൊട്ടിയും പഴവും മതിയാകും. പിന്നെ കുറച്ച് ഓട്ട്സും കാച്ചാം --:
രാത്രി 9 മണിയുടെ പ്രശോഭ് കുന്ന് കയറുമ്പഴേക്കും എല്ലാവരും ഭക്ഷണവും കഴിച്ച് കിടക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു.
ആനന്ദം നാളെ രാവിലെ അവിലുപ്പുമാവ് മതിയോ? വല്യമ്മ ചോദിച്ചു.
ആനന്ദം: ധാരാളം മതി. പഴമുണ്ടല്ലോ
രാവിലെ ഏട്ടത്തിമ്മയോട് നാരങ്ങാക്കറി ഉണ്ടാക്കാൻ പറയണം...
ലിസ്റ്റൊക്കെ നാളെ എഴുതാം ... ഇപ്പോൾ കിടക്കാo .. വലിയച്ഛന്റെ മുറിയിലെ മൂലയിൽ ചിമ്മിണിവിളക്കിന്റെ തിരിതാഴ്ത്തിവച്ച് എല്ലാവരും ഉറക്കമായി...
രാവിലെ 5 മണിക്ക് വല്യമ്മ ഉണർന്ന് ചിരുതൈ അമ്മയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു. കുഞ്ഞീരുവലിയച്ഛന്റെ മുറിയിൽ നിന്നും ധും ... ധും... ധും.. എന്നുള്ള മുറുക്കാനിടി ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം ഇനി ആളുണ്ടാകും. അത് കൊണ്ട് ഒന്നായിട്ട് ഇടിച്ച് വയ്ക്കുകയാണ് പാവം...
അപ്പഴേക്കും ആനന്ദളേമ്മയും എഴുന്നേറ്റ് അടുക്കളയിലേക്കെത്തി.. "ചിരുതേയ്ചായക്ക് വെള്ളം വയ്ക്കുമ്പോൾ അധികം ഓല കത്തിക്കണ്ടട്ടോ: പുകചുവരും... ഇളയമ്മ പറഞ്ഞു. അപ്പഴേക്കും സീതയും വന്നു. ഏടത്തിമ്മേ ... രാവിലെ അവിലുപ്പുമാവ് ഉണ്ടാക്കാം ...ചിരുതയ്.... തേങ്ങ ചിരകി വയ്ക്കണേ.... ഇളയമ്മ പറഞ്ഞു ...
വല്യമ്മ :ജാനകിയോടും നബീസുവോടും രാവിലെ വരാൻ പറഞ്ഞിറ്റ്ണ്ട്...
നാളെ രാവിലെ ഇഡലിയും ചട്നിയും ആക്കാം ... നബീസു അരച്ച് തരും... ഉഴുന്നും അരിയും വെള്ളത്തിലിടണം.
നാളത്തെ ലിസ്റ്റ് തെയ്യാറാക്കണം. എത്ര പേരുണ്ടാകുമോ ആവോ?
പായസം എന്താ വയ്ക്കേണ്ടത്?
ചിരുതേയ്.. കുന്നുമ്മലെ പഴ്ത്തചക്ക തെളപ്പിച്ച് ബച്ചിറ്റ്ണ്ട്... നല്ല പറഥോൻ ബക്കാം ....
സീത : അതെ... നല്ലതാണെങ്കിൽ അത് മതി. ഒരു അരക്കിലോ അവിലും 2 കിലോ വെല്ലവും മതി ... തേങ്ങാപ്പാല് നമ്മൾക്ക് പിഴിയാം...
രാവിലെ ഇഡലിക്ക് സാമ്പാറ് കുറച്ചധികംണ്ടാക്കിയാല് ഉച്ഛക്കത്തേക്കും കൂടി ആകുമല്ലോ ....
ആനന്ദം: മതി ഏടത്തിമ്മേ...
ഇന്ന് ഉച്ഛക്കത്തേക്ക് പുളിങ്കറിയും നാരങ്ങാക്കറിയും കേബേജും മതി ...പിന്നെ പപ്പടവും മതി... നാളത്തേക്ക് അങ്ങനെ ഒരുപാട് ഐറ്റം ഒന്നും വേണ്ട അല്ലേ ഏടത്തിമ്മേ... മറ്റന്നാൾ എല്ലാർക്കും ഓഫീസും സ്ക്കൂളും ഒക്കെ ഉള്ളതാ... എല്ലാരും നാളെ തന്നെ മടങ്ങും ...
സീത: ആനന്ദേടത്തിസാമ്പാറും , ഓലനും, കൂട്ട് കറി, നാരങ്ങാക്കറി, പപ്പടം പോരെ ... പിന്നെ ശ്രാദ്ധമല്ലേ ഇഞ്ചിപ്പച്ചടിയും ആക്കാം...
ആനന്ദം: ധാരാളം മതി...
പപ്പു:ആനന്ദേടത്തി ഒരു കാൽ ഗ്ലാസ് ചായ എനിക്കും കുഞ്ഞീരു ഏട്ടനും ...
ആനന്ദം: നീ ബലി ഇടുന്നില്ലേ... ഒരിക്കലെടുക്കുന്നുണ്ടെങ്കിൽ പോയി കുളിച്ചിട്ട് വാ...
സീത: ആരൊക്കെയാ ആനന്ദേടത്തി ബലി ഇടുന്നത് ?
ഞാനും രാധാഷ്ണനും, ഗംഗാരേട്ടനും , പപ്പുവും ...പിന്നെ കുട്ടികളാരേലും ഇട്ന്ന്ണ്ടോന്നറിയില്ല.'
പപ്പു:പള്ളിക്കുന്ന്ന്ന് ഗോപിയും ജയനും , പാതിരിയാട്ട്ന്ന് ഗോപിയും , പോസ്റ്റ് മാഷും വല്യേട്ടനും ബാവയും സുകുമാരനും വന്നാൽ ഗുണ്ട്( ചീട്ടുകളി) തുടങ്ങായിരുന്നു... അതും പഞ്ഞ് തിരിഞ്ഞ് നോക്കുമ്പഴേക്കും ഗോപിയും ജയനും തൊട്ട് പിറകിൽ വന്നു കയറി.
പപ്പു:ഹ ഹ ഹ .... നൂറായുസ്സാ... പറഞ്ഞിപ്പോൾ നാക്കെടുത്തതേയുള്ളൂ .... ആനുവും ഹരിയും ഉണ്ണിയും മീനയും വരില്ലേ? ഏടത്തിമ്മക്ക് എങ്ങനെയുണ്ട് ?
ഗോപി: ആനു ഏറണാകുളം പോയിരിക്കുവാ... ആരെയോ കാണാൻ ... ഉച്ഛയാ കുമ്പഴേക്കും വീട്ടിൽ വന്ന് ഉണ്ണിയേയും മീനയേയും കൂട്ടിവരും : ഹരി വരില്ല ... അമ്മയ്ക്ക് ആളായി വേണം...
മീനക്ക് ബലിയിടണംന്ന് പറഞ്ഞ് ഒരിക്കലെടുത്തിട്ടുണ്ട് ...
എല്ലാവരും ചായയും പലഹാരവും കഴിക്കാതിരിക്കുമ്പോൾ രാധാ ഷ്ണനും ദേവികയും മക്കളും വന്നു.. തൊട്ടുപിറകേ പോസ്റ്റ് മാഷ് പപ്പേട്ടനും എത്തി....
ആനന്ദം: രമേടത്തി എവിടെ പപ്പേട്ട ?
പപ്പേട്ടൻ: ഞാനെന്താ വേണ്ടേ ആനന്ദം ... ഓളോട് വരാ പറഞ്ഞിറ്റ് വരണ്ടെ? ഒര് സ്ഥലത്തും ഓള് പോവൂല ..
പിന്നയി മഴയും... ചൊറതന്ന്യാപ്പാ ഈ യാത്ര....
ആനന്ദം: കർക്കടക മാസത്തില് പിന്ന മഴയ്ണ്ടാവൂലെ പപ്പേട്ടാ ....
പപ്പേട്ടൻ: ഹ ഹ ഹ വാസ്തവം...
എന്താ ചെയ്യാ....പോട്ടെ...
ശരിക്കും രണ്ട് ദിവസം എടുപ്പിൽ ഒരു ഉത്സവപ്രതീതിയായിരുന്നു. ശ്രാദ്ധനാൾ രാവിലെ എഴുന്നേറ്റ് ബലിച്ചോർ വച്ച് ഈറനോടെ ബലി ഇടുമ്പോൾ അച്ഛനമ്മമാരോടൊപ്പം കഴിഞ്ഞ ഐശ്വര്യത്തിന്റെ ആനല്ല നാളുകളെയോർത്ത് ആനന്ദത്തിന്റെ കൺകോണിൽ പൊട്ടി വന്ന മിഴിനീർ ആരും കാണാതെ ഈറൻ തുണി കൊണ്ട് തുടച്ച് നീക്കുമ്പോൾ തെക്കേ മുറ്റത്തേ മാവിൻ കൊമ്പിൽ വന്ന് രണ്ട് ബലിക്കാക്കകൾ മക്കളേ നോക്കി കുറുകുന്നുണ്ടായിരുന്നു... ഈ ഐശ്വര്യം ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കണേ എന്ന് അനുഗ്രഹിക്കുന്നത് പോലെ .....
Comments